Friday, July 13, 2007

എന്താണ് ഓം ?

ഓം എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം എന്നാണ് അര്‍ത്ഥം. അനശ്വരമായ നാദ ബ്രഹ്മ വിരാക്ഷര മന്ത്രമാണ് ഇത്. എല്ലാ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തോട് ചേര്‍ത്താണ് തുടങ്ങുന്നത്. എല്ലാം ഓമില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

ഓമില്‍ കവിഞ്ഞ് ഒന്നുമില്ല, സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം ഓം എന്ന ശബ്ദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് മാണ്ഡ്യൂക്യോപനിഷത്തില്‍ പറയുന്നു.

ആ, ഉ, അം എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നാണ് ഓം ആയത്. ആ എന്ന അക്ഷരം ഋ ഗ്വേദത്തില്‍ നിന്നും ഉ എന്ന അക്ഷരം യജുര്‍വേദത്തില്‍ നിന്നും മ എന്ന അക്ഷരം സാമവേദത്തില്‍ നിന്നുമാണ് എടുത്തത്.

ആദിമ കാലത്ത് മൂന്നു വേദങ്ങള്‍ എന്നായിരുന്നു കണക്ക്. നാലാമത്തെ വേദമായ അഥര്‍വ വേദം പിന്നീട് ചേര്‍ക്കുകയാണുണ്ടായത്.

അകാരം വിഷ്ണുവിനെയും ഉ കാരം ശിവനെയും മ കാരം ബ്രഹ്മവിനെയും പ്രതിനിധാനം ചെയ്യുന്നു.

അകാരോ വിഷ്ണു രുദ്ദിശ്യ
ഉകാരസ്തു മഹേശ്വര ഃ
മകാരസ്തു സ്മൃതോ ബ്രഹ്മാ...
പ്രണവസ്തു ത്രയാത്മക ഃ

എന്ന് വായുപുരാണത്തില്‍ പറയുന്നു.

ഗാനാഞ്ജലി

നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ ( ഭാരത )

എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരപിഭാരത വിജയക്കൊടിനാട്ടാന്‍ ( ഭാരത )

ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
‍ജഗത്തിലുണ്ടോ മായാബന്ധം?ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ (മഹാശയ)

ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ (മഹാശയ)

ഭവാനൊരാളന്നിന്നോ ലക്ഷം, വിത്തിതു വന്മരമായ്‌
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍ (എന്നും)

മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം (എന്നും)

മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം (എന്നും)

അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും (എന്നും)

പ്രാര്‍ത്ഥന


കരുണാ മുരളീധാരാ
മനസി നിറയ്‌ക്കുക കണ്ണാ!
കരുണാ മുരളീധാരാ . .
ഗോകുലമണിയും മണിയും നീയേ
ഗോപികാ ഹൃദി നിനവും നീയേ
വൃന്ദാരണ്യപ്പൂക്കളില്‍ നിറവും
മണവും മധുവും നീയേ
കാളിയമര്‍ദ്ദക! ഞങ്ങടെ കണ്‍കളില്‍
അമൃതെഴുതൂ നിന്‍ മിഴിയാല്‍
കരുണാ മുരളീധാരാ . .
ധര്‍മ്മാധര്‍മ്മ രണങ്ങളില്‍ ഞങ്ങടെ
കണ്‍മിഴി തെളിയാന്‍ നീളേ
നിത്യനിരാമയ ശംഖൊലിപോലെ
ഒഴുകാവൂ നിന്‍ സ്‌മരണ
കരുണാ മുരളീധാരാ . .
മനസി നിറയ്‌ക്കുക കണ്ണാ!
കരുണാ മുരളീധാരാ . .